ഇ എം എസിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ മാർത്താണ്ഡം രാജശേഖരൻ പരമേശ്വരൻ വണ്ടൂരിലെത്തി

ഇ എം എസിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ വിശ്വോത്തര ചിത്രകാരനും ഗിന്നസ് ബുക്ക് അവാർഡ് ജേതാവുമായ മാർത്താണ്ഡം രാജശേഖരൻ പരമേശ്വരൻ വണ്ടൂരിലെത്തി. ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ ഭാഗമായി നടക്കുന്ന ചിത്രപ്രദർശന നഗരിയിൽ ഇ എം എസിന്റെ ചിത്രം ക്യാൻവാസിൽ കോറിയിട്ടാണ് അദ്ദേഹം മടങ്ങിയത്.ചിത്രപ്രദർശനം നേരിൽ കാണുവാനും സെമിനാറിന് പിന്തുണയർപ്പിച്ച് ഇ എം എസിനെ വരക്കാനുമാണ് രാജശേഖരൻ പരമേശ്വരൻ എത്തിയത്. ഓയിൽ കളർ പെയിന്റിംഗിൽ മൂന്നര മണിക്കൂർ സമയമെടുത്താണ് 6 x 4 ക്യാൻവാസിൽ അദ്ദേഹം ഇ എം എസിനെ പകർത്തിയത്. ചിത്രം ഏലംകുളത്തെ ഇ എം എസ് അക്കാദമിയിലേക്ക് കൈമാറുവാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ഒട്ടനവധി വിദേശ രാജ്യങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുള്ള രാജശേഖരൻ സംവിധായകൻ അടൂരിന്റെ സിനിമകളിലെ ആർട്ട് ഡയറക്ടറുമാണ്. വൈകിട്ട് നടന്ന ചടങ്ങിൽ സെമിനാർ സംഘാടക സമിതി അദ്ദേഹത്തെ ആദരിച്ചു. സി പി എം ജില്ലാ സെക്രെട്ടറി ഇ എൻ മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രെട്ടറി എൻ കണ്ണൻ അധ്യക്ഷത വഹിച്ചു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ, ജില്ലാ സെക്രെട്ടെറിയേറ്റ് അംഗം വേലായുധൻ വള്ളിക്കുന്ന്, വി എം ഷൗക്കത്ത്, ബി മുഹമദ് റസാഖ്, ജെ ക്ലീറ്റസ്, ടോം കെ തോമസ്, അനിൽ നിരാവിൽ, കൊളാഷ് ചിത്രകാരൻ മനു കള്ളിക്കാട്, ഷൗക്കത്ത് പാണ്ടിക്കാട്, എം അജയകുമാർ എന്നിവർ പങ്കെടുത്തു.

Edit